കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാന്‍ പോകാന്‍ കഴിയാത്തത്. വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നമുണ്ട്. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുന്‍പാണ് എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ വേദനയുണ്ട്.

എന്നെപ്പോലെയല്ല എംടി. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങി കൂടിയ ആളാണ്. ഞാന്‍ ചെറുകഥയില്‍ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാല്‍, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എംടിയുടെ കാര്യത്തില്‍ അത് സത്യമാണെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *