പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ കോടതി ഇന്ന് വിധി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയെന്നാണ് കേസ്. നബീസയുടെ മകളുടെ മകനും കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ മുഹമ്മദ് എന്ന മമ്മുവിന്റെ മകനുമായ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരാണ് കേസിലെ പ്രതികള്‍.എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് അന്വേശഷണത്തില്‍ കണ്ടെത്തി.22-ാം തീയതി രാത്രി ചീരക്കറിയില്‍ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു.തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *