താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

വനഭൂമിയില്‍ ഉള്‍പ്പെടുന്ന ഈ വളവുകള്‍ സാധിക്കുന്നത്രയും നിവര്‍ത്താന്‍ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍ഡ്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പേവ്ഡ് ഷോള്‍ഡറുകളോടു കൂടിയാണ് വളവുകള്‍ വീതി കൂട്ടി നിവര്‍ത്തുക. ഗതാഗതനിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിക്കൊണ്ടായിരിക്കും പണി നടത്തുക. ടെന്‍ഡര്‍ വിളിച്ച് പണി നടത്തേണ്ട ചുമതല പൂര്‍ണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. പണി പൂര്‍ത്തിയാകുന്ന നാള്‍ മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി പീര്യഡ് നിശ്ചയിച്ചാണ് കരാര്‍ നല്‍കുക. കരാര്‍ നടപടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ നടത്തി പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട്- വയനാട് പാതയില്‍ തിരക്കേറുന്ന സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍മൂലം ഉണ്ടാകുന്നത്. കൂടുതല്‍ വളവുകള്‍ വീതികൂട്ടി നിവര്‍ത്തുന്നതോടെ ആ പ്രശ്‌നത്തിന് കുറേയേറെ പരിഹാരമാകുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *