
കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്നു. സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റിൽ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. ഒപ്പം യുവാക്കൾ, സ്ത്രീകൾ, കർഷകർ, തുടങ്ങിയവർക്കും പരിഗണന നൽകിയതായി ധനമന്ത്രി അറിയിച്ചു.