അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ മലയാളിയായ യുവതിയും. കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയാണ് സംഘത്തിലെ മലയാളി.

25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരുമായാണ് വിമാനം ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിമാനത്താവളത്തില്‍ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പൂര്‍ണമായും പാകിസ്ഥാന്റെ വ്യോമപാത ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം ഇനിയും ദിവസങ്ങള്‍ നീളും. രക്ഷാദൗത്യം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഫ്ഗാനിസ്താനുമായുള്ള പുതിയ നയം ഇന്ത്യ വ്യക്തമാക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ചര്‍ച്ച 26 -ാം തിയതി നടക്കും.

അതേസമയം, താലിബാന്റെ അന്ത്യശാസനത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫ്ഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാന്‍ തയ്യാറെടുത്തത്. തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ സംഘര്‍ഷങ്ങളുണ്ടായി. എട്ട് പേരാണ് സംഘര്‍ഷങ്ങള്‍ക്കിടെ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *