കോഴിക്കോട്: എന്‍ഐടി കാലിക്കട്ടിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഓട്ടോമേഷന്‍ (CITRA), കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (CERT-IN), കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (CITI 2.0) എന്നിവയുടെ സംയുക്ത സംരംഭമായ ദേശീയ സൈബര്‍ സുരക്ഷാ കോണ്‍ക്ലേവ് (NCSC 1.0) ഇന്ന് എന്‍ഐടി കാലിക്കറ്റില്‍ ആരംഭിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവ് എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. യുഎല്‍സിസി മുന്‍ സിഇഒയും ബാംഗ്ലൂരിലെ സ്‌കില്‍ലാബ്ലേഴ്സ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സുമായിരുന്ന രവീന്ദ്രന്‍ കസ്തൂരി, സിട്ര ചെയര്‍പേഴ്സണ്‍ ഡോ. എസ്.ഡി. മധു കുമാര്‍, സൈബര്‍ പ്രൂഫ് മാനേജിംഗ് ഡയറക്ടര്‍ മുരളീകൃഷ്ണന്‍ നായര്‍, 63 സാറ്റ് ബോംബെയിലെ നീഹാര്‍ പഥാരെ, സിടിഐ ചെയര്‍മാന്‍ അജയന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
കോണ്‍ക്ലേവിന്റെ ആദ്യ ദിനത്തില്‍ ഐടി വ്യവസായത്തില്‍ നിന്നുള്ള 280 ലധികം പങ്കാളികള്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള 40 ലധികം പേര്‍ പങ്കെടുക്കുന്ന ഹാക്കത്തോണും ഇതിനോടൊപ്പം തന്നെ സംഘടിപ്പിച്ചു.
കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ 8, ശനി, അക്കാദമിക്, ഗവേഷണ ട്രാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 300 ലധികം പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
