
പാതിവില തട്ടിപ്പ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും നടന്നതായി സൂചന. കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്കൂട്ടറുകള്‍ക്കും, ലാപ്ടോപുകള്ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന് പലരില്‍ നിന്നുമായി കൈക്കലാക്കിയത്.40 സ്കൂട്ടറുകളും 75 ലാപ്ടോപ്പുകളും 250 തയ്യൽ മെഷീനുകളും ലഭിച്ചതായി ഭാരവാഹികൾ പറയുന്നു. ഇതിന് ശേഷം 36 സ്കൂട്ടറുകൾക്കും ലാപ്ടോപ്പുകൾക്കും പണമടച്ചു. ഇത് നൽകാതെ അനന്തുകൃഷ്ണനും സംഘവും കബളിപ്പിച്ചെന്നാണ് പരാതി. കേസിൽ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുൻപ് വരെ അനന്തുകൃഷ്ണൻ വായനശാല ഭാരവാഹികളെ എറണാകുളത്ത് നടന്ന യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എത്രയും പെട്ടെന്ന് സ്കൂട്ടറുകളും ലാപ്ടോപ്പുകളും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് ഇയാൾ അറസ്റ്റിലായ വാർത്തയാണ് അറിഞ്ഞതെന്നും ഭാരവാഹികൾ വ്യക്തമാക്കി.സായ്ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ വഴിയാണ് അനന്തുകൃഷ്ണനെ പരിചയപ്പെട്ടത് എന്നാണ് വായനശാല ഭാരവാഹികൾ പറയുന്നത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
