മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നാരായണ്‍ റാണെയ്ക്ക് ജാമ്യം. റായിഗഡിലെ മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിലായി ഏകദേശം എട്ട് മണിക്കൂറുകള്‍ക്കു ശേഷം ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അറസ്റ്റ്.

റായ്ഗഡിലെ മഹാഡ് നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ റാണെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഉദ്ധവിനെ തല്ലുമായിരുന്നു എന്നാണ് റാണെ പറഞ്ഞത്.

‘സ്വാതന്ത്ര്യ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണ്. തന്റെ പ്രസംഗത്തിനിടെ സ്വാതന്ത്ര്യത്തിന്റെ വര്‍ഷങ്ങളുടെ എണ്ണം അന്വേഷിക്കാന്‍ അദ്ദേഹം പിറകിലേക്ക് പോയി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ അയാളെ തല്ലുമായിരുന്നു,” എന്നായിരുന്നു പരാമര്‍ശം.

റാണെയുടെ പരാമര്‍ശം മഹാരാഷ്ട്രയിലുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈയില്‍, ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനയുടെ യുവജന സംഘടനയായ യുവസേന പ്രതിഷേധം നടത്തി. ശിവസേന കോര്‍പ്പറേറ്ററും യുവസേന ട്രഷററുമായ അമേയ് ഗോലെ, ദാദര്‍ പ്രദേശത്ത് ”കൊംബ്ഡി ചോര്‍” (വര്‍ഷങ്ങള്‍ക്ക് മുമ്പ് റാണെ നടത്തിയ കോഴിവളര്‍ത്തലിനെ അവഹേളിച്ചാണ് പരാമര്‍ശം) എന്ന ചിത്രവുമായി റാണെയുടെ ബാനറുകള്‍ സ്ഥാപിച്ചു. ജുഹുവിലെ റാണെയുടെ വീടിന് നേരെ കല്ലേറുണ്ടായി. ദഹിസര്‍, മലാഡ് (കിഴക്ക്), എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.

റാണെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മഹഡ്, പുണെ, ജല്‍ഗാവ്, താനെ, നാസിക് എന്നിവിടങ്ങളിലായി കുറഞ്ഞത് അഞ്ച് എഫ്‌ഐആറുകളാണ് ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *