ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യാഴാഴ്ച രാത്രിയോടെ പട്ടികയിലെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വെള്ളിയാഴ്ച പട്ടികയുമായി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്നാണ് സൂചന. വെള്ളിയാഴ്ച തന്നെ പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തേ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് വര്‍ക്കിങ് പ്രസിഡന്റുമാരും ചേര്‍ന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടാണ് പ്രധാനമായും ചില മാറ്റങ്ങള്‍ വന്നതെന്നാണ് സൂചനകള്‍. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങള്‍ വന്നത്.

ആലപ്പുഴയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കെ.പി. ശ്രീകുമാറും പാലക്കാട്ട് പട്ടികയിലുള്ള എ. തങ്കപ്പനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനികളാണ്. വയനാട് ജില്ലാ അധ്യക്ഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എന്‍.ഡി. അപ്പച്ചന്‍ മാത്രമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്

തിരുവനന്തപുരം-പാലോട് രവി

കൊല്ലം-പി. രാജേന്ദ്രപ്രസാദ്

പത്തനംതിട്ട-സതീഷ് കൊച്ചുപറമ്പില്‍

ആലപ്പുഴ-കെ.പി. ശ്രീകുമാര്‍

കോട്ടയം-ഫില്‍സണ്‍ മാത്യൂസ്

ഇടുക്കി-എസ്. അശോകന്‍

എറണാകുളം-മുഹമ്മദ് ഷിയാസ്

തൃശൂര്‍-ജോസ് വള്ളൂര്‍

പാലക്കാട്-എ. തങ്കപ്പന്‍

മലപ്പുറം-വി.എസ്.ജോയ്

കോഴിക്കോട്-കെ.പ്രവീണ്‍കുമാര്‍

വയനാട്-എന്‍.ഡി. അപ്പച്ചന്‍

കണ്ണൂര്‍-മാര്‍ട്ടിന്‍ ജോര്‍ജ്

കാസര്‍കോട്-പി.കെ.ഫൈസല്‍

ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ, നായര്‍ പ്രാതിനിധ്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതര്‍ക്കും സ്ത്രീകള്‍ക്കും വിട്ടുപോയ സമുദായങ്ങള്‍ക്കും കെ.പി.സി.സി.യില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മധ്യതിരുവിതാംകൂറില്‍ ഈഴവ, ക്രിസ്ത്യന്‍ പ്രാതിനിധ്യം കൃത്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്തിമപ്പട്ടിക തയ്യാറാക്കല്‍ നീണ്ടുപോയത്. കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ച രാജേന്ദ്രപ്രസാദ് തന്നെ അധ്യക്ഷനാകും. തിരുവനന്തപുരത്ത് ആദ്യം പരിഗണിച്ച പേരുകള്‍ അവസാന നിമിഷം മാറുകയും പാലോട് രവിയുടെ പേര് വരുകയുമായിരുന്നു. വയനാട്ടില്‍ എന്‍.ഡി അപ്പച്ചന്റെ പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *