കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയിൽ സ്വച്ഛ് ഭാരതിനെ മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത്തില്‍ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇത്രയും നാള് സ്വച്ഛ് ഭാരത് നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും കോവിഡ് പ്രതിസന്ധിക്കിടയിലും അതേ ഊര്‍ജസ്വലതയോടെ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞു.
യുവജന ശാക്തീകരണം ലക്ഷ്യമിട്ടുള്ള നൈപുണ്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് മോദി പറഞ്ഞു. നൈപുണ്യ വികസനത്തിന് ഇന്ത്യന്‍ സംസ്കാരത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും സൃഷ്ടിപരമായ ശക്തികളുടെ അടയാളമായി കരുതപ്പെടുന്ന വിശ്വകര്‍മ്മാവുമായി നൈപുണ്യ വികസനം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മോദി സൂചിപ്പിച്ചു. 62 കോടി ഡോസ് വാക്സീന് ഇതുവരെ രാജ്യത്ത് നല്‍കിയെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പക്ഷെ, ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളും അമൂല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായിക രംഗത്തോട് യുവതലമുറയില്‍ പ്രിയം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയിരിക്കുന്നു. ഇത് ഇന്ത്യന്‍ ഹോക്കിയ്ക്ക് പുതുജന്മമേകി. ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ആത്മാവ് സന്തോഷിച്ചിരിക്കാം. ഒരുപാട് മെഡലുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഹോക്കിയില്‍ മെഡല്‍ നേടുന്നതുവരെ ഒരു ഇന്ത്യക്കാരനും സന്തോഷിച്ചിരുന്നില്ല. ഇന്ന് ഈ നേട്ടം രാജ്യം സ്വന്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കായിക രംഗത്തോട് ഉള്ള പുതുതലമുറയുടെ സ്നേഹം മാതാപിതാക്കളില്‍ വലിയ സന്തോഷമാണ് ഉളവാക്കുന്നത്. ഈ സ്നേഹമാണ് ധ്യാന്‍ ചന്ദിന് നല്കാവുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം വ്യക്തമാക്കി.
