കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനത്തിനൊപ്പം പതിനായിരം രൂപയടങ്ങുന്ന പണക്കിഴി വിതരണം ചെയ്തെന്ന വിവാദത്തിന് പിന്നാലെ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറിയാണ് മുറിപൂട്ടി സീല്‍ ചെയ്തത്. നഗരസഭാധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.

അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്. അതിനാലാണ് നടപടിയെന്നും നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷയുടെ ഓഫീല്‍ നേരത്തെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം. നഗരസഭ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് സംഘം പിടിച്ചെടുക്കുയും ചെയ്തിരുന്നു.

ദൃശ്യങ്ങളില്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയ പണക്കിഴിയുമായി മടങ്ങുന്ന കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായി ഈ കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, പരിശോധനയ്ക്ക് പിന്നാലെ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണെതിരെ വെള്ളിയാഴ്ച പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറിയിരുന്നു. സമരം ശക്തമായതോടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല. എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സംരക്ഷണയില്‍ അധ്യക്ഷ ചേംബറിലേക്ക് പ്രവേശിച്ചു. ചേംബറില്‍ യോഗം ചേര്‍ന്നതായി അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *