വയനാട്: ഏപ്രില്‍ മൂന്നിനുള്ള ഹൈക്കോടതി ഉത്തരവിന് ശേഷം ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ സാബു പറഞ്ഞു. ആദ്യം നിര്‍മ്മിക്കുക വീടുകളുടെ മാതൃക ആയിരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കും. മഴക്കാലത്ത് നിര്‍മ്മാണം വൈകാതിരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കുമെന്നും അരുണ്‍ സാബു പറഞ്ഞു. വീടുകളുടെ പ്ലാന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. വീടുകളുടെ ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആളുകള്‍ക്ക് പരസ്പരം ഇടപഴകാനുള്ള രീതിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്നും അരുണ്‍ സാബു ചൂണ്ടിക്കാട്ടി.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ രാത്രിയിലുള്ള മഴ ആശങ്കയാണ്. മഴക്കാലത്ത് നിര്‍മ്മാണം വൈകാതിരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കും. കമ്മ്യൂണിറ്റി കെട്ടിടങ്ങളുടെ നിര്‍മ്മാണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത് 410 വീടുകള്‍ ആണ്. പുന്നപ്പുഴയിലെ മാലിന്യ നീക്കം കമ്പനിക്ക് ലഭിച്ചതായി ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അരുണ്‍ സാബു പറഞ്ഞു.

അതേ സമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള തറക്കല്ലിടല്‍ നാളെ നടക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രിയങ്ക ഗാന്ധി എംപിയും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *