വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നറിയാനുളള ആകാംക്ഷയിലാണ് ലോകം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ തുടര്‍ന്നാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ 266-മത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഢംബരങ്ങളും സമ്പത്തും ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്രത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരും അദ്ദേഹം സ്വീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ 9 ദിവസത്തെ ദുഖാചരണമുണ്ടാകും. അതിനുശേഷമാകും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുക. പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് ഉള്ളത്. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് പാപ്പല്‍ കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ 6 കര്‍ദിനാള്‍മാര്‍ ഉണ്ടെങ്കിലും 80 വയസ്സുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും 79 വയസ്സുള്ള മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ആഴ്ച്ചകള്‍ കഴിയുമെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി നിരവധിപേരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.
