ഐഎന്‍എല്ലിലെ പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം വിജയകരം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാറുടെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പായത്.

പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഇരുപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് സമവായം കണ്ടെത്താന്‍ കഴിയാതിരുന്ന വിഷയങ്ങളില്‍ ഇന്ന് രാവിലെ തീരുമാനം ഉണ്ടാകുകയായിരുന്നു.

പ്രശ്ന പരിഹാരത്തിനായി പ്രത്യേകം ഫോര്‍മുലയുടെ ആവശ്യം വന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ട് പോവുകയാണെന്നുമാണ് ഒത്തുതീർപ്പില്‍ നേതാക്കളുടെ വിശദീകരണം. ധാരണ പ്രകാരം എപി അബ്ദുള്‍ വഹാബ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റായും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയായും തുടരും. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകാന്‍ തയ്യെറെടുക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പ്രതികരിച്ചു.

ദേശീയ നേതൃത്വം എടുത്ത അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ 25ന് മുമ്പുള്ള സ്ഥിതിയിലേക്ക് ഐഎന്‍എല്‍ തിരിച്ചെത്തും. തുടര്‍ന്ന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. വിഭാഗീയതയെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതോടെ ഭിന്നിപ്പ് പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമവായം ശ്രമങ്ങള്‍ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *