തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടമായ സംഭവം മോഷണമെന്ന് പൊലീസ്. ഈ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമെന്നും പൊലീസ് അറിയിച്ചു. കാണാതായതിനു പിന്നാലെ ക്ഷേത്രത്തിലെ മണല്‍പരപ്പില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിരുന്നു.
ക്ഷേത്രത്തില്‍ നിന്നും 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായ സംഭവത്തില്‍ മോഷണശ്രമം നടന്നില്ലെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.
സ്ട്രോങ് റൂമില്‍ ബലംപ്രയോഗിച്ചുള്ള മോഷണം നടന്നിട്ടില്ലെന്നത് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിസിപി നകുല്‍ രാജേന്ദ്ര ദേഷ്മുഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.107 ഗ്രാം സ്വര്‍ണം കാണാതായതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ക്ഷേത്രത്തിലെ മണല്‍ പരപ്പില്‍ നിന്ന് സ്വര്‍ണം ലഭിച്ചത്. സ്ട്രോങ് റൂമിന്റെ 30 മീറ്റര്‍ അകലെ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
