അമൃത്സര്‍: പഞ്ചാബില്‍ വ്യാജ മദ്യം കഴിച്ച് 15 മരണം. അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. 10 പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാന്‍, തരിവാള്‍, സംഘ, മാരാരി കലാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
അമൃത്സര്‍ ഡിസി സാക്ഷി സാഹ്നി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ”ഞായറാഴ്ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരില്‍ ചിലര്‍ തിങ്കളാഴ്ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാര്‍ അവരെ സംസ്‌കരിച്ചു. ചിലര്‍ യഥാര്‍ഥ കാരണം മറച്ചുവച്ചുകൊണ്ട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്” മജിത എസ്എച്ച്ഒ ആബ്താബ് സിങ് പറഞ്ഞു.
