വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു.

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തോടെ വ്യാപക പ്രതിഷേധം ഉയർന്നു. സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തിയത്. ഇത് തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി.
സ്വാതന്ത്ര്യസമരത്തിന് മുഖംതിരിഞ്ഞുനിന്നവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. സിലബസ് പുനഃപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *