
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പോലീസുകാർ പിടിയിൽ. കേസിലെ 11, 12 പ്രതികളായ പോലീസ് ഡ്രൈവർമാർ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് താമരശ്ശേരി കോരങ്ങാടുനിന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കുറച്ച് ദിവസമായി ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമായിരുന്നു.
മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം ജൂണ്‍ ആറാംതീയതിയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒന്‍പതുപേരെയാണ് ഇവിടെനിന്ന് അന്ന് അറസ്റ്റുചെയ്തത്. തുടരന്വേഷണത്തിലാണ് പോലീസുകാര്‍ക്കെതിരേ തെളിവുകിട്ടിയതും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതും.
ബിന്ദുവിന്റെ സുഹൃത്ത് ഗള്‍ഫിലുള്ള ബാലുശ്ശേരി വട്ടോളിബസാര്‍ സ്വദേശി അമനീഷ് കുമാർ കേസിലെ പത്താംപ്രതിയാണ്. അമനീഷിന്റെ അക്കൗണ്ടില്‍നിന്ന് ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഷൈജിത്തിന്റെ അക്കൗണ്ട് വിവരങ്ങളും ഏതെല്ലാം ബാങ്കിലാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചിരുന്നു. 2022 മുതല്‍ പലതവണയായി അക്കൗണ്ടിലേക്ക് പണമെത്തിയതായി വ്യക്തമായിട്ടുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ നിക്ഷേപം വന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവവഴിയാണ് നിക്ഷേപം നടത്തിയത്. ഈ അക്കൗണ്ട് സംബന്ധിച്ച ഇടപാടുകള്‍ ഇവിടെ നിയന്ത്രിക്കുന്നത് പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ ബിന്ദുവാണ്.
കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായിരുന്നു ഷൈജിത്ത്. പെണ്‍വാണിഭക്കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ വിജിലന്‍സില്‍നിന്ന് കണ്ട്രോള് റൂമിലേക്ക് മാറ്റുകയായിരുന്നു. സനിത്തും ഈ സംഘത്തിന് ഒത്താശചെയ്തെന്നും സാമ്പത്തികയിടപാടടക്കം നടത്തിയെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഷൈജിത്തും സനിത്തും മൂന്നുവര്ഷംമുന്പ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ബിന്ദു സമാനമായ കേസില്‍ പിടിയിലായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്കുനയിച്ചത്. പോലീസുകാര്‍ക്ക് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചനലഭിച്ചിരുന്നു. റെയ്ഡില്‍ ഇവരെയടക്കം അറസ്റ്റുചെയ്യാനായിരുന്നു സിറ്റി പോലീസ് ഉന്നതോദ്യോഗസ്ഥരുടെ തീരുമാനം. അതിനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല.
