CMRLഎക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇത് രണ്ടാം ഘട്ട പരിശോധനയാണ്. ആദ്യഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ എക്‌സാലോജിക് ഡയറക്ടര്‍ വീണ ടി.എയെ രണ്ട് തവണ ചോദ്യം ചെയ്യാനും ഇ.ഡി വിളിപ്പിച്ചിരുന്നു.

കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഇ.ഡി വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടാണ് പോയതെന്നതിലാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. യാതൊരു സേവനവും നല്‍കാതെ CMRL-ല്‍ നിന്ന് എക്‌സാലോജിക് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. എക്‌സാലോജിക് CMRL-ന് നല്‍കിയ സേവനങ്ങളും CMRLല്‍ നിന്ന് ലഭിച്ച പണം പിന്നീട് എന്ത് ചെയ്തുവെന്നതുമാണ് വീണ ടി.എയെ ചോദ്യം ചെയ്തപ്പോള്‍ പ്രധാനമായും പരിശോധിച്ചത്.

കേസുമായി ബന്ധപ്പെട്ട് SFIO സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇ.ഡി പരിശോധിച്ചുവരികയാണ്. SFIO റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. CMRL എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത എന്നിവരടക്കം ആറ് പേരെ ഇ.ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ തുടര്‍നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *