നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന മുന്നേറ്റം നടത്തിയതായും ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോർഡിനെയും മറികടന്ന വിജയം കൈവരിച്ചതായും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.

വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചതാണ്. സ്വരാജിന് ശ്രീരാമകൃഷ്ണന്റെ വോട്ട് പോലും പിടിക്കാൻ കഴിഞ്ഞില്ല. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി. മാർക്സിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.

ഇന്നത്തെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് പ്രതിഫലിച്ചത്. ആശ സമരവും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനവും വിജയത്തിന് കരുത്ത് പകർന്നു. ഒത്തരുമയോടെ മുന്നോട്ട് പോയാൽ യുഡിഎഫ് വിജയിക്കാമെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

അൻവർ ഒൻപത് കൊല്ലം എം.എൽ.എ ആയിരുന്ന ആളാണ്. അൻവറിന് ലഭിച്ച വോട്ടുകളിൽ അത്ഭുതമൊന്നുമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അൻവറിനും മറ്റൊരു ഭാഗം യുഡിഎഫിനുമാണ് പോയത്. അൻവറിനെ കോൺഗ്രസ് പുറത്താക്കിയതല്ല, അദ്ദേഹം സ്വയം പുറത്തു പോയതാണ്. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം പാർട്ടിക്കാണ്. ഇത്തവണ ഞങ്ങൾ സ്വന്തമായി പിടിച്ചെടുത്ത വോട്ടുകളാണ്. എല്ലാം കൊണ്ടും സന്തോഷം നൽകുന്ന വിജയമാണ്. എന്നാൽ ആ സന്തോഷം അമിത ആത്മവിശ്വാസത്തിലേക്ക് നീങ്ങരുത്. ഇതുപോലെ തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്. അൻവറിനെ സ്വീകരിക്കണോ എന്നത് എല്ലാവരും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *