ഇടുക്കി എഴുകുംവയല്‍ ഇരട്ട കൊലപാതകത്തില്‍ പ്രതി അജീഷുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് അജീഷ് വീട്ടില്‍ തിരിച്ചെത്തിയത്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം വീണ്ടും തുടര്‍ന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവ് ആന്റണിയെയും മാതാവ് വത്സയേയും അജീഷ് കുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ചിത്രങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള വൈദികന് അയച്ചു നല്‍കി.
കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
