കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. പുതിയൊരു രോഗവ്യാപനമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചത്. എന്‍ 440 കെ എന്ന ഈ വകഭേദം പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ്.നേരത്തേ രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം ഉണ്ടായേക്കാം. കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു.ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതും പുതിയ െവെറസിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.