കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഭര്‍ത്താവുമായി റീമ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞിനെ വേണമെന്ന് കമല്‍രാജ് റീമയോട് ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിന്റെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ലെന്ന് റീമ മറുപടി നല്‍കി. പരസ്പര ധാരണയോടെ പിരിയാം എന്നും റീമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയില്‍ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസത്തിന് ശേഷമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതല്‍ റീമയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് റീമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.
റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. ഭര്‍തൃ വീട്ടില്‍ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പില്‍ പറഞ്ഞു. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടെന്നും മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
