എറണാകുളം: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം. എല്ലാവര്ക്കും നന്ദിയുണ്ടെന്നും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം അറിയിച്ചു.
ജനപ്രതിനിധികളും സഭാ നേതൃത്വവും സമൂഹവും ഒപ്പം നിന്നു. പ്രാര്‍ത്ഥനയുടെ ഫലമായാണിത് സംഭവച്ചത്. കേസ് പിന്‍വലിക്കണം. നടപടികള്‍ നീണ്ട് പോകരുതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന് ചെറിയാന്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഒരുപാട് പ്രാര്‍ത്ഥിച്ചു. വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. കൂടെ നിന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നത്. പാസ്പോര്‍ട്ട് കെട്ടിവെക്കുക, 50,000 രൂപയുടെ രണ്ട് ആള് ജാമ്യം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
