ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ ജയില്‍ മോചനം. ശനിയാഴ്ച വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരെയും കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് എംപിമാരും മറ്റു രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

മലയാളികളായ സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്പുരിലെ എന്‍.ഐ.എ കോടതി ശനിയാഴ്ച രവിലെയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം.

മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ബിലാസ്പുര്‍ എന്‍.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയില്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.

Leave a Reply

Your email address will not be published. Required fields are marked *