കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് എട്ടു മുതല്‍ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ആര്.ഐ.എഫ്.എഫ്.കെ) നാളെ തിരിതെളിയും. സംവിധായകനും കെ.ആര്.നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് ചെയര്‍പേഴ്സണുമായ സയ്യിദ് മിര്‍സ ഉദ്ഘാടനം നിര്‍വഹിക്കും. മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ആണ് ഉദ്ഘാടന ചിത്രം.
ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത നിര്‍വഹിക്കും. ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മീനാക്ഷി ജയന്, സിതാരേ സമീന്‍ പര് എന്ന ഹിന്ദി ചിത്രത്തില്‍ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികൃഷ്ണന് വര്‍മ്മ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടന് സുധീഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്മാന് എസ്.കെ സജീഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സീനുലാല്‍, 29ാമത് ഐ.എഫ്.എഫ്.കെ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ വി.എസ് പ്രിയദര്ശനന്, സംഘാടക സമിതി കണ്‍വീനര്‍മാരായ കെ.ടി ശേഖര്‍, കെ.ജെ. തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് പ്രദര്‍ശിപ്പിക്കും. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടുകയും ചെയ്ത ചിത്രമാണിത്. ഇറാന്, ഫ്രാന്‍സ്, ജര്‍മ്മനി, പേര്‍ഷ്യന്‍ സംയുക്തസംരംഭമായ ഈ ചിത്രം, ഇറാനിലെ സംഘര്‍ഷഭരിതമായ സാമൂഹികാവസ്ഥയെ ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. മഹ്സ അമീനി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ട്. തന്റെ തോക്ക് നഷ്ടപ്പെടുമ്പോള്‍ തെഹ്റാന് കോടതിയിലെ അന്വേഷണ ന്യായാധിപനായ ഇമാന്, ഭാര്യയെയും പെണ്മക്കളെയും സംശയിക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം.
കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, 11 മലയാള ചിത്രങ്ങള്‍, 7 ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്കോപ്പ് വിഭാഗത്തില്‍നിന്നുള്ള രണ്ട് ചിത്രങ്ങള്‍, വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫിമേയ്ല്‍ ഗേസ് വിഭാഗത്തില്‍നിന്നുള്ള മൂന്ന് ചിത്രങ്ങള്‍, ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ആന്‍ ഹുയിയുടെ ഒരു ചിത്രം, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവായി പ്രദര്‍ശിപ്പിക്കുന്ന ‘അങ്കുര്‍’, മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ നിന്നുള്ള അഞ്ച് സിനിമകള്‍ എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുവര്‍ണ ചകോരം ലഭിച്ച ബ്രസീലിയന്‍ ചിത്രമായ മാളു, രജതചകോരം ലഭിച്ച മി മറിയം ദ ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്സ്, നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച ഹൈപ്പര്‍ബോറിയന്‍സ്, പ്രേക്ഷകപുരസ്കാരം നേടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മേളയുടെ ഭാഗമായി എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ‘കാലം’: മായാചിത്രങ്ങള്‍’ എന്ന ഫോട്ടോ എക്സിബിഷന് കൈരളി തിയേറ്റര്‍ പരിസരത്ത് സംഘടിപ്പിക്കും. ആഗസ്റ്റ് ഏഴിന് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ എം.ടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.എം.എം ബഷീര്‍ ആദരഭാഷണം നടത്തും. നടി കുട്ട്യേടത്തി വിലാസിനി, നിര്‍മ്മാതാവ് ഷെര്‍ഗ സന്ദീപ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, സുനില്‍ അശോകപുരം, ഡോ.എ.കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. എക്സിബിഷനില്‍ എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്. ഗോപാലകൃഷ്ണനാണ് ക്യുറേറ്റര്‍. മഞ്ഞ്, താഴ്വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്, പരിണയം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം.ടിയുടെ ചിത്രങ്ങള്‍, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകള്‍ തുടങ്ങിയ എം.ടിച്ചിത്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ എക്സിബിഷനില്‍ ഉണ്ടായിരിക്കും.
കൈരളി തിയേറ്ററിലെ ഷാജി എന്‍. കരുണ്‍ – ചെലവൂര്‍ വേണു പവലിയനില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. ആഗസ്റ്റ് 9,10,11 തീയതികളില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറു മണി വരെ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ സംവിധായകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഫോറം സംവിധായകന് ഷാജൂണ്‍ കാര്യാല്‍ ഉദ്ഘാടനം ചെയ്യും.
മൂന്ന് തിയേറ്ററുകളിലും ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. 1500 ഡെലിഗേറ്റുകളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
