തിരുവനന്തപുരം: മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാര്‍ ഉടമകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്‌കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ കഴിയുക എന്നാണ് ശുപാര്‍ശയില്‍ പറഞ്ഞിരുന്നത്. മദ്യം നല്‍കുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കിയത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *