നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ലിറ്റര്‍കണക്കിന് ചാരായവും കോടയും പിടികൂടി. നെയ്യാറ്റിന്‍കര മേലെവിളാകം ഉരംകോരിയിട്ട പുത്തന്‍വീട്ടില്‍ അയ്യപ്പന്റെ (38) വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ബൈക്കില്‍ ചാരായം കടത്തുന്നതിനിടെ ഇയാളെ പിടികൂടിയിരുന്നു. ശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ബൈക്കില്‍ ഏഴ് ലിറ്റര്‍ ചാരായവുമായാണ് ഇയാള്‍ പിടിയിലായത്.
മറ്റൊരു സംഭവത്തില്‍, രണ്ട് ലിറ്റര്‍ ചാരായവുമായി കാഞ്ഞിരംകുളം അനുപമ ആശുപത്രിക്ക് സമീപം താമസിക്കുന്ന അരുണ്‍ നാഥ് (40) എന്നയാള്‍ പിടിയിലായി. സ്കൂട്ടിയില്‍ ചാരായം കടത്താന്‍ ശ്രമിക്കുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ എ കെയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ എന്‍, രജിത്ത് കെ ആര്, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രവീണ്‍ എം, മുഹമ്മദ് അനീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിബു ടി എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.
