അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു. സംസ്ഥാന വ്യാപകമായി 2 ദിവസങ്ങളിൽ നടന്ന ക്ലോറിനേഷന് പുറമെ രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. മറ്റ് അസുഖങ്ങൾ കൂടിയുള്ള ബത്തേരി സ്വദേശിയായ 45 കാരൻ, കാസർകോട് സ്വദേശിയായ 30 വയസ്സുള്ള യുവാവ് എന്നിവരുടെ നിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ഇവരുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രത്യേക സംഘം നേതൃത്വം നൽകുന്നുണ്ട്.
നിലവിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്, ഇതിൽ 3 പേർ കുട്ടികളാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.
നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വൈറസുകളെയും ബാക്ടീരിയകളെയുംപോലെ ഏകകോശജീവിയാണ് ഇതും. ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും, വലിയ അളവിൽ നമ്മുടെ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുക. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും.
അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി രതീഷ് (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരിച്ചത്.
