സിനിമയുടെ തലപ്പൊക്കം മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. പൂർണ ആരോഗ്യവാനായി വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്ന ഘട്ടത്തിൽ പിറന്നാളിന്‌ മാധുര്യമേറുകയാണ്‌. ഇത്തവണ ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊത്ത്‌ ലളിതമായാണ്‌ പിറന്നാൾ ആഘോഷം. സമൂഹമാധ്യമങ്ങളിൽ ആയിരങ്ങൾ ഇതിനകം ആശംസ അറിയിച്ചു.

1951ല്‍ ഇതുപോലൊരു സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയെന്ന പി ഐ മുഹമ്മദ് കുട്ടി കോട്ടയം ജില്ലയിലെ ചെമ്പ് ദേശത്ത് ജനിക്കുന്നത്. ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ വരാനിരിക്കുന്ന കളങ്കാവല്‍ വരെ അര നൂറ്റാണ്ടിലധികമായി അനുസ്യൂതം ഒഴുകുന്ന അഭിനയ നദി. ഇതിനകം എത്രയെത്ര കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി! മേളയും വടക്കന്‍ വീരഗാഥയും മതിലുകളും വിധേയനും പൊന്തന്‍മാടയും ന്യൂഡല്‍ഹിയും വല്യേട്ടനും പാലേരിമാണിക്യവും ഭ്രമയുഗവും പുഴുവും നന്‍പകല്‍ നേരത്തും അടക്കം നൂറുകണക്കിന് കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സില്‍ കൊത്തിവെച്ച മഹാനടന്‍.

രണ്ടാഴ്‌ചമുന്പ്‌ ‘ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു’ എന്ന്‌ നിർമാതാവ്‌ ആന്റോ ജോസഫ്‌ സമൂഹമാധ്യമങ്ങളിൽ കുറിച്ചതോടെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ്‌ മമ്മൂട്ടിക്ക്‌ ആശംസയറിയിച്ചത്‌. അദ്ദേഹം പൂർണ ആരോഗ്യവാനായി സിനിമയിലേക്ക്‌ മടങ്ങിവരാൻ കാത്തിരിക്കുകയാണ്‌ ആരാധകർ.

കളങ്കാവൽ’ ആണ്‌ റിലീസിനൊരുങ്ങുന്ന മമ്മ‍ൂട്ടി ചിത്രം. ജിതിൻ കെ ജോസ്‌ സംവിധാനംചെയ്‌ത ചിത്രത്തിന്റെ ടീസറിന്‌ സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്‌ ലഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഓണക്കാല സൂപ്പർഹിറ്റ്‌ ചിത്രം ‘ലോകഃ – ചാപ്റ്റർ 1: ചന്ദ്ര’യുടെ ട്രെയിലറും പോസ്‌റ്ററും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആന്റോ ജോസഫ്‌ നിർമിച്ച്‌ മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ മമ്മൂട്ടി ഇനി പൂർത്തിയാക്കാനുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *