ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് ഉച്ചകോടി നടക്കുക. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും.ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടികാഴ്ചയാണിത്. മറ്റന്നാൾ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കൻ സന്ദർശനമാണിത്.

അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വാഷിങ്ടണിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചർച്ച നടത്തും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *