കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റ് നാളേക്ക് മൂന്ന് വര്‍ഷം. ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്.
- അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്.
- കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്.
- ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി.
- ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.
- രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
- ഈ പുസ്തകോത്സവ കാലയളവുകളില്‍ നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
- പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക
സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി “നിയമസഭാ അവാർഡ്” ഏർപ്പെടുത്തി. - ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്മാന്മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി.
- യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്.
- അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി.
- ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി.
- കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം.
- അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ,
കേരളം പാസാക്കിയ നിയമങ്ങള്‍ –
പ്രഭാവപഠനങ്ങള്‍ വാല്യം II,
ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,
സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും
എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു. - കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് – ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി.
- എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്ലാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, 2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ദ്രുതഗതിയില്‍ മുന്നേറി.
- നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഏറ്റവും ഉചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി. അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ജഗ്ദീപ് ധന്‍കര്‍ ആണ് രജതജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.
അതോടനുബന്ധിച്ച്, നിയമസഭാ പരിസരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. - സൗഹൃദവും സംവാദവും കൈക്കോര്‍ക്കുന്ന കേരള നിയമസഭയില്‍ പല കാലങ്ങളിലായി അംഗങ്ങളായ മുന്‍സാമാജികര്‍ക്കും നിലവിലെ സാമാജികര്‍ക്കും ഒത്തുചേരാന്‍ ‘പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ ഒരു സ്നേഹക്കൂട്ടായ്മുയ്ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത് ഹാര്‍ദ്ദവമായ അനുഭവമായി.
- ഈ ചടങ്ങില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരെയും മുതിര് മുന്‍ നിയമസഭാ ജീവനക്കാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി.
- ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തും വര്‍ണ്ണാഭവും ജനകീയവുമാക്കാന്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു .
