സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമർശത്തിൽ ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദക്കെതിരെ കേസെടുത്ത് പന്തളം പോലീസ്. വാവർ ‘മുസ്ലിം തീവ്രവാദി’യാണെന്ന ശാന്താനന്ദയുടെ പരാമർശം വൻ വിവാദമായിരുന്നു. തുർടന്ന്, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിദ്വേഷ പരാമർശം നടത്തി ശാന്താനന്ദ, മനപ്പൂർവം മത സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും മത വിദ്വേഷ പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
അയ്യപ്പനെ ആക്രമിക്കാൻ എത്തിയ ആളാണ് വാവരെന്നും ശാന്താനന്ദ ആരോപിച്ചിരുന്നു. വാവരുടെ ചരിത്രം തെറ്റാണെന്നും വാപുരൻ അഥവാ ശിവന്‍റെ ഭൂതം എന്നതാണ് ശരിയെന്നും പറഞ്ഞ അദ്ദേഹം, ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പ ദർശനം നടത്താനുള്ള അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പമ്പാ തീരത്ത് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ്, സംഘപരിവാർ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.
