കേരള സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുമായി സഹകരിച്ച് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ ആര്‍.വി.വൈ സ്‌കീം വഴിയാണ് കിടപ്പ് രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ ശാരീരിക പരിമിതി മറികടക്കാന്‍ വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക. ഏതൊക്കെ ഉപകരണങ്ങള്‍ അനുവദിക്കണമെന്ന് കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട സ്‌ക്രീനിങ് ക്യാമ്പിനാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ തുടക്കമായത്. എഴുപത്തഞ്ചോളം വയോജനങ്ങള്‍ക്ക് സഹായ ഉപകരണത്തിനുള്ള അംഗീകാരം ലഭിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ തൊണ്ണൂറിലധികം പേരാണ് സഹായ ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തത്.

ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ രവി പറശ്ശേരി, സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജിഷോ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത് കഞ്ഞോളി, ബ്ലോക്ക് സെക്രട്ടറി സ്വപ്‌നേഷ്, അലിംകോ പി ആന്‍ഡ് ഒ ഓഫീസര്‍ അജിത് കുമാര്‍, വനിത-ശിശു വികസന സൂപ്പര്‍വൈസര്‍ സബിത, പി കെ കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *