തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും പോസ്റ്ററില്‍ പറയുന്നു.
