ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലിൽ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചുവെന്ന് തന്നെയാണ് കുട്ടിയും നൽകിയ മൊഴി.

കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.അമ്മയും അമ്മായിയമ്മയും തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *