മാവൂർ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 1 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിൻ്റെ പട്ടികജാതി വികസന വകുപ്പ് മുഖേന അനുവദിച്ച പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കോട്ടപ്പറമ്പ് നഗറിലെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് അനുവദിച്ചത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക്, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ രജിത, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.പി ശൈലേഷ്, കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എൻ സുഷമ, സുരേഷ് പുതുക്കുടി, കെ ദിവാകരൻ, കെ മോഹൻദാസ്, പി.പി അബ്ദുറഹിമാൻ, സുനോജ് കുമാർ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ കെ ഗോപാലൻ, കെ ശാരദ എന്നിവർ സംസാരിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എൻജിനീയറിങ് കമ്പനി സൈറ്റ് എൻജിനീയർ കെ.കെ സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
