കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. പള്ളികളിലും അമ്പലങ്ങളിലും ആളുകൾ നൃത്തം ചെയ്യാറില്ലേ എന്നും ചോദ്യം. ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുൻവിധി പാടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എഫ്ഐആറിൽ വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
നൃത്തം ചെയ്യുന്നത് മയക്കുമരുന്ന് ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മദ്യാസക്തി ബാറുകളിൽ ഒതുങ്ങുന്ന ഒന്നല്ല. ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുൻവിധി പാടില്ല. ആളുകൾ സന്തോഷിക്കാൻ വേണ്ടിയാണ് ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നത്. രാത്രി കാലങ്ങളിൽ സിനിമയ്ക്ക് പോകുന്നതൊഴിച്ചാൽ കേരളത്തിൽ മറ്റ് എന്താണ് ചെയ്യാനുള്ളത്. നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.
പഞ്ചനക്ഷത്രബാറുകളുടെ പ്രവർത്തനത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ പരിഗണിച്ചത്. നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നേരത്തെ നോട്ടിസുകൾ നൽകിയിരുന്നു. ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
