ജനോപകാരപ്രദമായ രീതിയിൽ ഏതൊരു നിയമവും കലാനു സൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി വാരാഘോഷ സമാപന സമ്മേളനം വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വന നിയമങ്ങളിൽ ഇത്തരത്തിൽ നിയമസഭ നടത്തിയ പരിഷ്ക്കരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് . കേന്ദ്ര നിയമങ്ങളുടെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ എന്നാൽ ജനങ്ങൾക്ക് വളരെ വേഗം നീതി ലഭ്യമാക്കുന്നതുമായ നിയമപരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംഘർഷ ലഘൂകരണം എന്നതിന് പകരമായി മനുഷ്യ – വന്യജീവി സഹവർത്തിത്വം എന്ന തരത്തിലേക്ക് മാറുന്ന ചിന്തകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്‌ണൻ വന്യജീവി ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, എ പി സി സി എഫ് മാരായ ഡോ. എൽ. ചന്ദ്രശേഖർ, ഡോ. ജെ ജസ്റ്റിൻ മോഹൻ,
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദ്‌മാ മഹന്തി, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ജോർജ്ജി പി മാത്തച്ചൻ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ, കെ എൻ ശ്യാം മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു
