കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞത് പൊലീസെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ട് കോഴിക്കോട് ഡിസിസിയുടെ ആരോപണം. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചതെന്ന് ഡിസിസി അധ്യക്ഷൻ അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു. പൊലീസ് നിന്ന ഭാഗത്ത് നിന്നാണ് സ്ഫോടകവസ്തുക്കൾ വന്നതെന്നും പ്രവീൺകുമാർ ആരോപിച്ചു.
സിപിഐഎമ്മുകാർ ആയുധങ്ങളുമായി നിൽക്കുന്നുണ്ടെന്ന് ഡിവൈഎസ്പി സുനിൽകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെത്തന്നെയാണ് പൊലീസ് നിലകൊണ്ടിരുന്നത്. ആ ഭാഗത്തുനിന്നാണ് സ്ഫോടക വസ്തു വന്നത്. ആ സ്ഫോടക വരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടതെന്നും കെ പ്രവീൺകുമാർ പറഞ്ഞു.
പൊലീസിനെതിരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണം അടിസ്ഥാനം ഇല്ലാത്തതാണ്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും ദൃശ്യങ്ങൾ പുറത്തുവിടുന്നുവെന്നും കെ പ്രവീൺകുമാർ പറഞ്ഞു. ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ല. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല. കെ സി വേണുഗോപാൽ ആരെന്ന് ജയരാജൻ എം എ ബേബിയോട് ചോദിച്ചാൽ മതിയെന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു.
സൂക്ഷിച്ചു നടന്നാൽ മതിയെന്നായിരുന്നു ഷാഫി പറമ്പിലിനോട് ഇ പി ജയരാജന്റെ മുന്നറിയിപ്പ്. മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളു. അഹംഭാവം ധിക്കാരം ഒക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതി. പൊലീസ് ശക്തമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം തനിക്കുണ്ട്. പൊലീസിന് നേരെ ആക്രമണം നടത്തിയാൽ അവർ ക്ഷമിക്കുമോ. നാടൻ ബോംബും പോലീസിനെതിരെ എറിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.
ഷാഫി പറമ്പിൽ എംപി നാടിന്റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു. പൊലീസിന് നേരെ ആക്രമണം നടത്തിയാൽ അവർ ക്ഷമിക്കുമോ. നാടൻ ബോംബും പൊലീസിനെതിരെ എറിഞ്ഞുവെന്ന് ഇപി ജയരാജൻ ആരോപിച്ചു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ക്രമസമാധാനം നിലനിർത്തിയതിനാണ് പൊലീസിനെ കെ സി വേണുഗോപാൽ ഭീഷണിപ്പെടുത്തുന്നതെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.
