എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർഥിനി അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്നും ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും അവർക്ക് വിദ്യാഭ്യാസത്തിനായുള്ള സംരക്ഷണം ഒരുക്കുക എന്നതാണ് സർക്കാർ നിലപാട് എന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദി മാനേജ്മെന്റാണ്. കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ എന്തുകൊണ്ടാണ് കുട്ടി പോകാത്തത് എന്ന് പരിശോധിക്കും. കുട്ടിയെ വിളിച്ച് പ്രശ്നം തീർക്കാനുള്ള ഇടപെടലുകളാണ് മാനേജ്‌മന്റ് അടക്കമുള്ളവർ ചെയ്യേണ്ടത്. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. ഇതാണ് ഏറ്റവും വലിയ വിരോധാഭാസം’. മന്ത്രി പറഞ്ഞു.
വിഷയത്തിൽ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാഗത്തു നിന്നും ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ചില ഭീഷണികളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി. വിഷയത്തെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ നിന്ന് മാറ്റി രാഷ്ട്രീയ തലത്തിലേക്ക് എത്തിച്ചത് ബോധപൂര്‍വ്വമായ ശ്രമമാണ്. സ്‌കൂള്‍ അഭിഭാഷകയും അതിന്റെ മാനേജ്‌മെന്റ് നടത്തിയ വാര്‍ത്താ സമ്മേളനം അതിന് ഉദാഹരണമാണെന്നുമാണ് മന്ത്രി പറഞ്ഞത്.
