തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പാഠ്യപദ്ധതി രൂപീകരണത്തിൽ സംസ്ഥാന സർക്കാരിനുള്ള സ്വാതന്ത്ര്യവും ഉപസമിതി വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഭരണ-പ്രതിപക്ഷങ്ങളെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും, അവർ ഉണ്ടാക്കിയ പ്രതിസന്ധി മറച്ചുവെക്കാൻ ഇപ്പോൾ പുകമറ സൃഷ്ടിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ട് നാലാം ദിവസം തന്നെ കേന്ദ്രം എസ്.എസ്.കെ ഫണ്ട് അനുവദിച്ചിരുന്നു. അവർ നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ യു.ഡി.എഫ് സർക്കാരിന് സാങ്കേതിക തടസ്സങ്ങളുണ്ട്. യു.ഡി.എഫ് സർക്കാർ ഒരിക്കലും ആർ.എസ്.എസ് വിധേയത്വം കാണിക്കില്ല. രാജ്യത്തുടനീളം സംഘപരിവാർ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്നത് കോൺഗ്രസാണെന്നും മന്ത്രി അവകാശപ്പെട്ടു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമസ്ത എ.പി വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’ രം​ഗത്ത് വന്നിരുന്നു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പൈതൃകത്തെയും മതേതര താത്പര്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നതാണ് സർക്കാരിന്റെ നീക്കം. തിരഞ്ഞെടുപ്പ് കാലത്ത് വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനെതിരെ ക്ഷോഭിച്ചവർ, അധികാരത്തിലേറിയപ്പോൾ അതേ നയത്തിന് കീഴടങ്ങുന്നത് നീതികേടാണ്. ഇത് സംസ്ഥാനത്തിന്റെ ആദർശങ്ങളോടുള്ള തിരിഞ്ഞുനില്‍പ്പുമാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ യു.ഡി.എഫ് മുന്നണിക്കുള്ളിലും യുവജന സംഘടനകൾക്കിടയിലും വിയോജിപ്പ് പുകയുകയാണ്. പിഎം ശ്രീ പദ്ധതിയിൽ മുൻപ് സ്വീകരിച്ചിരുന്ന എതിർപ്പ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്ക് കത്ത് നൽകി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും സർക്കാരിന്റെ നിലവിലെ നീക്കത്തിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *