കോഴിക്കോട്∙ പാളയത്തെ പഴം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർ‌ക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നും പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന സമയത്താണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്.

‘നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകൾ മാറുകയാണ്. നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം. എന്നാൽ, ഞങ്ങളില്ല എന്ന് ഒരു കൂട്ടർ മുൻകൂറായി പറയുകയാണ്. നാടിന്റെ ഒരു നല്ലകാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയുന്നതിനു പിന്നിലെ ചേതോവികാരമെന്താണ്. ഈ പദ്ധതി ഇന്നലെ തുടങ്ങി ഇന്നു പൂർത്തിയായതല്ല. എല്ലാ കാര്യത്തെയും എതിർക്കാനല്ല പ്രതിപക്ഷം. നല്ല കാര്യങ്ങൾ നടപ്പാക്കുമ്പോൾ അതിനോട് ഒപ്പം നിൽക്കാനും തയാറാകണം.’–മുഖ്യമന്ത്രി പറഞ്ഞു.

പാളയത്തെ മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുമ്പോൾ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നു വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. പുതിയ മാർക്കറ്റിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ മാർക്കറ്റ് കെട്ടിടത്തിലെ കടകളിൽ പഴങ്ങളും പച്ചക്കറിയും ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും തൊഴിലാളികൾ പറയുന്നു. പാളയം മാർക്കറ്റ് ഒരു കാരണവശാലും ഇപ്പോഴത്തെ സ്ഥലത്തു നിന്നു മാറ്റരുതെന്നും നിലവിലെ മാർക്കറ്റ് വികസിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *