ലൈംഗിക ആരോപണ പരാതിയെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട മുൻ ഡിവൈഎഫ്ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ കൊടകര ഏരിയ കമ്മറ്റിയിലേക്ക് ആണ് തിരിച്ചെടുത്തത്. വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയ കമ്മറ്റിയിൽ വൈശാഖനെ തിരിച്ചെടുക്കാനുള്ള തീരുമാനം റിപ്പോർട്ട് ചെയ്തു.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ വൈശാഖനെതിരെ നടപടിയെടുക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് ചൂണ്ടിക്കാട്ടിയത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കി. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ ഇതുമായി ബന്ധപ്പെട്ട പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനല്‍ ലിസ്റ്റിലേക്ക് ഇദ്ദേഹത്തെ മടക്കി കൊണ്ടുവരികയും ചെയ്തു.

അതിനുശേഷമാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *