കോഴിക്കോട്: പോക്‌സോ കേസ് അതിജീവിച്ച പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിലേക്ക് പോയ പതിനേഴുകാരിയെ ബീച്ചിന് സമീപത്തും ഒരു ലോഡ്ജിലുമെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പീഡിപ്പിച്ചവരിൽ ഒരാളെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇനി വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. കുട്ടിയെ വീണ്ടും വെള്ളമാടുകുന്നിലെ എൻട്രി ഹോമിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമാടുകുന്ന് എൻട്രി ഹോമിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്. അന്ന് രാത്രിയോടെ ബീച്ചിൽ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂർ പൊലീസ് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി.

കുട്ടിയെ രണ്ടുപേർ വീണ്ടും പീഡിപ്പിച്ചതായി പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതിനും, നടപടിക്രമങ്ങൾ സിഡബ്ല്യുസിയെ അറിയിക്കാത്തതിനും ചേവായൂർ പൊലീസിന് സിഡബ്ല്യുസി ചെയർമാൻ നോട്ടീസ് നൽകി.

നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക്, ഡിഎൻഎ പരിശോധനയുടെയും കേസന്വേഷണത്തിൻ്റെയും ഭാഗമായിട്ടാണ് ഒരു മാസമായി സിഡബ്ല്യുസിയുടെ നേതൃത്വത്തിൽ എൻട്രി ഹോമിൽ താമസം ഒരുക്കിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. കണ്ടെത്തിയ ശേഷം കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നഗരത്തിൽ വെച്ച് രണ്ടിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെട്ടതായി മൊഴി നൽകിയത്.

കുട്ടി ഷെൽട്ടർ ഹോമിൽ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ട് അമ്മ നേരത്തെ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ നിയമപരമായ നടപടികൾ കാത്തിരിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായതും വീണ്ടും പീഡനത്തിന് ഇരയായതും.

Leave a Reply

Your email address will not be published. Required fields are marked *