ഡൽഹി: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി നിർണായക നിരീക്ഷണങ്ങളോടെ വിചാരണ നടപടികൾ തുടരാൻ നിർദേശിച്ചു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റിവെച്ചു.

കോടതിയുടെ നിർണായക നിരീക്ഷണം:

“ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇതിനപ്പുറം പിന്നെ എന്താണ് ഉള്ളത്?” എന്ന് ചോദിച്ചുകൊണ്ട് സുപ്രീം കോടതി കേസിൻ്റെ ഗൗരവം എടുത്തുപറഞ്ഞു. കേസിലെ അഞ്ച് പ്രതികളാണ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും, സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു. കൂടാതെ, പ്രതികൾ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ വിവരവും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

2022 നവംബർ 15-ന് രാവിലെയാണ് എലപ്പുളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർഎസ്എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കിണാശ്ശേരി മമ്പ്രത്തു വെച്ച് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. കേസിൽ ആകെ 24 പേരാണ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *