മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്ന് മുഖ്യമന്ത്രി.ആരൊക്കെ മോന്സന് മാവുങ്കലിന്റെ അടുത്ത് പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. മോന്സന് മാവുങ്കലിന്റെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്.കഴിഞ്ഞമാസം 9 നാണ് മോന്‍സനെക്കുറിച്ച് പരാതി കിട്ടിയത്. അതിനു മുമ്പ് ഡിജിപി സന്ദര്‍ശിച്ചതിന് ശേഷം മോന്‍സനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കാതിരിക്കാനാകില്ല. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. മോൻസന്റെ വീടിന് സുരക്ഷ നൽകിയതിലെ വീഴ്ച അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയുടെ പേരിലുള്ള ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. ഒരു തരത്തിലും സര്‍ക്കാര്‍ ചെമ്പോല ഉപയോഗിച്ച് ശബരിമലക്കെതിരെ ദുഷ് പ്രചാരണം നടത്തിയിട്ടില്ല. മോന്‍സന്റെ കയ്യില്‍ നിന്നും ലഭിച്ച ചെമ്പോലയിലെ വിശദാംശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശബരിമലക്കെതിരെ വ്യാജപ്രചാരണം അഴിച്ചു വിട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.