തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് വീണ്ടും വീഡിയോ ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ചിത്രകാരി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പോലീസ് കേസെടുത്തത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാണ് ഇവർ വീണ്ടും റീൽസ് ചിത്രീകരിച്ചത്.

നേരത്തെ, ജസ്ന റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും സംബന്ധിച്ച് ഹൈക്കോടതിയിൽ പരാതി ഉയരുകയും, തുടർന്ന് ക്ഷേത്ര പരിസരത്ത് ചിത്രീകരണത്തിന് കോടതി കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിയന്ത്രണം നിലനിൽക്കെയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ.എൽ. ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് പോലീസ് നടപടി.

നേരത്തെ, ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെയും ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും ക്ഷേത്രക്കുളത്തിൽ കാൽ കഴുകിക്കൊണ്ടുമാണ് ജാസ്മിൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി റീൽസ് പോസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. കൂടാതെ, അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയില്ലാത്ത സ്ഥലമാണിത്. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതി പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *