കോഴിക്കോട്: വയനാട് സുൽത്താൻ ബത്തേരിയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. തൃശ്ശൂർ സ്വദേശിയായ സുഹാസ് ആണ് ബത്തേരി പോലീസിന്റെ വാഹനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടത്.
വ്യവസായി സന്തോഷ് കുമാറിനെ ആക്രമിച്ച് വാഹനം കവർന്ന കേസിലെ പ്രതിയായ സുഹാസിനെ ബത്തേരി പോലീസ് തൃശ്ശൂരിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുമായി മടങ്ങും വഴി ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് പ്രതി ചാടിപ്പോയത്. കൈവിലങ്ങുമായിട്ടാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് വിവരം. എസ്.ഐ ഉൾപ്പെടെ നാല് സിവിൽ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നിട്ടും സുഹാസിനെ പിടികൂടാൻ കഴിഞ്ഞില്ല.
പ്രതിക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ പോലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്. സുഹാസ് സംസ്ഥാനം വിടാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. സുഹാസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് നൽകുന്ന സൂചന.
കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ വ്യവസായി സന്തോഷ് കുമാർ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങും വഴി ബുധനാഴ്ച രാത്രിയായിരുന്നു ആക്രമിക്കപ്പെട്ടത്. ബത്തേരി കല്ലൂരിൽ വെച്ച് സുഹാസ് ഉൾപ്പെടുന്ന എട്ടംഗ സംഘം ഇദ്ദേഹത്തെ വഴി തടഞ്ഞ് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. ആക്രമിക്കപ്പെട്ടത് സ്വർണ്ണക്കടത്ത് സംഘമാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം സുഹാസ് ഉൾപ്പെട്ട സംഘം കവർച്ച നടത്തിയത് എന്നും പോലീസ് സംശയിക്കുന്നു. പിറ്റേന്ന് തന്നെ വാഹനം വയനാട് പുൽപ്പള്ളിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അക്രമി സംഘത്തിന് സഹായം നൽകിയ ഒരാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുഹാസിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. അക്രമി സംഘത്തിലെ മറ്റ് ഏഴ് പേർക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.
