കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി യോഗവും ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം. അതിന് പിന്നാലെ വൈകുന്നേരം 4 മണിക്കാണ് രാഷ്ട്രീയകാര്യ സമിതി യോഗം. പുതിയ കോര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം അധികാരം പരിമിതപ്പെട്ട രാഷ്ട്രീയകാര്യ സമിതിയാണ് ഇന്ന് യോഗം ചേരുന്നത്.

കെപിസിസി യോഗത്തില്‍ മേഖലകളുടെ ചുമതലയും ജില്ലകളുടെ ചുമതലയും വിഭജിച്ച വിവരം ഭാരവാഹികളെ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമാകും ഇരു യോഗത്തിലും ചര്‍ച്ചയാവുക. വിവാദ വിഷയങ്ങളും പുനഃസംഘടനയും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റ് വിഭജനം മുന്നണികളുമായി തര്‍ക്കം ഇല്ലാതെ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശവും നല്‍കും.

അതേസമയം, പി.വി അന്‍വറിനെയും സി.കെ ജാനുവിനെയും യുഡിഎഫില്‍ എടുക്കുന്നതില്‍ തീരുമാനം വൈകും. ഇരു പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അറിയിച്ചു. പ്രാദേശികമായി ചര്‍ച്ച ആവശ്യമെന്ന് യുഡിഎഫ് യോഗം തീരുമാനത്തിലെത്തി. ചര്‍ച്ചകള്‍ക്ക് ശേഷം വിഷയം അടുത്ത യുഡിഎഫ് യോഗം പരിഗണിക്കും. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരിക്കുന്നത്. ഘടകകക്ഷികള്‍ മത്സരിച്ച സീറ്റുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താനും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *